അവൾ കണ്ണ് തുറന്നു കാലിനിടയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ട് വല്ലാത്തൊരു മരവിപ്പ്. ഒരു കണ്ണ് പകുതിയേ തുറയുന്നുള്ളു

  0
  10292

  അവൾ പതിയെ കണ്ണ് തുറന്നു. കാലിനിടയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ട് വല്ലാത്തൊരു മരവിപ്പ്. ഒരു കണ്ണ് പകുതിയേ തുറയുന്നുള്ളു. നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്. കല്ലിനോ മറ്റോ അടിച്ചതാവണം. ഒന്നും വ്യക്തമായി ഓർക്കാൻ കഴിയുന്നില്ല. സർവ ശക്തിയുമെടുത്തു ഒന്ന് ചരിഞ്ഞു കിടന്നു. നിറയെ കാറുകൾ. പാർക്കിംഗ് ഫ്ലോർ ആണ്.ഓഫിസിന്റെ ഏറ്റവും താഴത്തെ നില. പൂർണ നഗ്നയാണ്. അല്പം ദൂരെമാറി ഉടുത്തിരുന്നതെല്ലാം ചിതറി കിടക്കുന്നു. ശബ്ദമുണ്ടാക്കാൻ നോക്കി.

  കഴിയുന്നില്ല. ഒച്ച പുറത്തേക്കു വരുന്നില്ല. ഇടതു കൈയിലെ ചൂണ്ടുവിരൽ ചതഞ്ഞിരിക്കുന്നു. നഖം അടർന്നു..കുറച്ചു ജോലി ബാക്കിയുണ്ടായിരുന്നു. അവസാനമാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത്. സെക്യൂരിറ്റി വന്നു ചായകുടിച്ചിട്ട് വരാമെന്നു പറഞ്ഞു പോയത് ഓർമയുണ്ട്..പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയപ്പോൾ ആരോ പുറകിൽ നിന്ന് ശക്തിയായി അടിച്ചു. പിന്നെ ഒന്നും ഓർമയില്ല.
  അര നാഴികനേരം അങ്ങനെ കിടന്നു. ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ. ആർത്തവം ആയിട്ടില്ല.എന്നിട്ടും ചോര വന്നു. ഒരു കാലൊച്ച അടുത്തടുത്ത് വന്നു. സെക്യൂരിറ്റിയാണ് …”മോളേ ” എന്നൊരു വിളി കേട്ടു. അയാൾ ഓടി വന്നു. പേടികൊണ്ടു അയാളുടെ മുഖം വിറങ്ങലിച്ചിരുന്നു. ഇട്ടിരുന്ന യൂണിഫോം ഷർട്ട് ഊരി പുതപ്പിച്ചു.. പൊക്കിയെടുത്തു…അയാൾ ഉറക്കെ കരയുന്നുണ്ടായിരുന്നു.
  ഓർമ തെളിഞ്ഞപ്പോൾ ആശുപത്രിയിലാണ്. നീല ഷീറ്റുകൊണ്ടു മൂന്നുപാടും മറച്ചിരുന്നു. അരികിലെ ചുവരിൽ ഒരു കുട്ടി “ശബ്ദിക്കരുത്” എന്ന ആംഗ്യം കാണിക്കുന്ന ചിത്രം. കരഞ്ഞില്ല. എന്നിട്ടും കണ്ണീരു നിൽക്കുന്നുണ്ടായിരുന്നില്ല. തനിച്ചാണ്.

  വളർന്നത് മുന്നാറിലെ ഒരു അനാഥമന്ദിരത്തിലാണ്. സൂര്യനെല്ലിയിലെ ഒരു തേയിലത്തോട്ടത്തിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞ് …ഉപേക്ഷിച്ചവർ നല്ലവരാണ്…കാരണം കമ്പിളിയിൽ നാല് തവണ പൊതിഞ്ഞിരുന്നു. അല്ലെങ്കിൽ തണുത്തു മരിച്ചേനെ. രാവിലെ പണിക്കു വന്ന ഒരു തമിഴനാണ് എടുത്തു അച്ചന്റെ അടുത്തെത്തിച്ചത്. കല്യാണം കഴിച്ചില്ലെങ്കിലും എണ്ണമറ്റ മക്കളുണ്ടായിരുന്ന അച്ചന് സ്വീകരിക്കാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
  ബാല്യവും കൗമാരവും ചെറുതായിരുന്നു. സങ്കടങ്ങളൊന്നും ഓർമയില്ല. സങ്കടം എന്നത് നഷ്ടഭയമാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവൾക്കു നഷ്ടഭയങ്ങളില്ല. സങ്കടങ്ങളും. കാലാനുസൃതമായി കൂട്ടുകാർ മാറിമാറി വന്നു. ഇന്ട്രോവേർട്ട് എന്ന പേര് സ്വഭാവത്തിൽ പച്ചകുത്തിത്തന്നു .

  ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അനാഥാലയത്തിൽ നിന്നിറങ്ങി. കൊച്ചിയിലെ ഒരു പേരുകേട്ട സോഫ്റ്റ്‌വെയർ സൊല്യൂഷൻസിന്റെ ഓഫർ ലെറ്ററുമായി. രണ്ടു വർഷമായി അവിടെ ജോലി ചെയ്യുകയാണ്. പ്രവർത്തനമികവും ആത്മാർത്ഥതയും സൗന്ദര്യവും ടീം ലീഡർ എന്ന പട്ടം നേടിത്തന്നു. എല്ലാ ശനിയാഴ്ചയും അനാഥാലയത്തിൽ പോകും. അച്ചനെ കാണും. ശമ്പളം കിട്ടുമ്പോൾ കുറെ സാധനങ്ങളുമായി പോവും. എല്ലാവർക്കും കൊടുക്കും. ഇച്ചേച്ചി എന്നാണു കുട്ടികൾ വിളിക്കുന്നത്.. അതാണ് ജീവിതലക്ഷ്യം. അച്ചന്റെ കാലശേഷം ആ സ്ഥാപനം ഏറ്റെടുത്തു നടത്തണം. ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മയാവണം …ഒരു കന്യാസ്ത്രീ ആവണം എന്ന് കൗമാരത്തിൽ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ചു പഠിച്ചിരുന്നു . പേഗനിസത്തെക്കുറിച്ചും അണയാത്ത അഗ്നിയുടെ ക്ഷേത്രത്തിൽ കാവലിരുന്നു കന്യകമാരെക്കുറിച്ചും പഠിച്ചു . വേണ്ടെന്നു വെച്ചു .

  സ്വപ്നങ്ങളും വ്യർത്ഥമോഹങ്ങളും അഴിയിട്ട ചില്ലുകൊട്ടാരം ഉടഞ്ഞിരിക്കുന്നു …ഈ ആശുപത്രിക്കിടക്കയിൽ കിടക്കുകയാണ്. ഒരു പാഴ്മരം പോലെ.. നോവറിയാതെ. സമൂഹം സ്ത്രീയിൽ ആരോപിച്ചതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വിവാഹിതയും കന്യകയും തമ്മിലുള്ള അന്തരം.. ഒരു നേർത്ത പടലം അത് പൊട്ടിയിരിക്കുന്നു .
  ഡോക്ടർ വന്നു. ഒരു മധ്യവയസ്കയായ സ്ത്രീ. മുഖത്തു കരുണയുള്ളൊരു ചിരി കാണാം. സഹതാപത്തിന്റെ ലഹരി കലരാത്തൊരു ചിരി. പൂര്ണബോധത്തിലാണോ എന്നറിയാൻ ചില ചോദ്യങ്ങൾ ചോദിച്ചു. തലയ്ക്കു പുറകിൽ ആഴത്തിലുള്ള മുറിവുണ്ട്. പന്ത്രണ്ട് സ്റ്റിച്ച് ഇട്ടിരിക്കുന്നു.

  ഇരുമ്പു വടി പോലെ എന്തോ കൊണ്ട് അടിച്ചതാണ്. ബോധം മറയ്ക്കാൻ. പരിചയമുള്ള ആളായിരിക്കും. ഉള്ളിലെ സ്വത്വം പുറത്തു വരുന്നത് താൻ കാണരുത് എന്ന അയാളുടെ മനസിലെ നന്മ കൊണ്ടാവാം അങ്ങനെ ചെയ്തത്. ഇടയിലെപ്പോഴോ ബോധം തെളിഞ്ഞിരിക്കാം. കയ്യിൽ കിട്ടിയതെന്തോ എടുത്തു നെറ്റിയിലും അടിച്ചു. താൻ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. ആരോ തന്നെ വേട്ടയാടിയിരിക്കുന്നു …ഇരയാക്കിയിരിക്കുന്നു. പൂർണബോധ്യം ഉണ്ടായിരുന്നെങ്കിലും ഡോക്ടർ അത് പറഞ്ഞപ്പോൾ കരഞ്ഞു പോയി.

  ഒരാഴ്ച അവിടെ കിടന്നു. ഓഫീസിൽ നിന്നും പലരും കാണാൻ വന്നു. ആശുപത്രിയിലെത്തിച്ച സെക്യൂരിറ്റിക്കാരൻ ജോസഫേട്ടൻ കാണാൻ വന്നപ്പോ ചോദിച്ചു..”ഞാനെന്താ മോളെ എല്ലാരോടും പറയണ്ടേ?”
  ” സ്റ്റെപ്പിൽ നിന്ന് വീണെന്ന് പറഞ്ഞാൽ മതി”അത്രയേ സംഭവിച്ചിട്ടുള്ളൂ എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ സത്യത്തിന്റെ കയ്പ് നിറഞ്ഞ ചവർപ്പ് ഉള്ളിലെവിടെയോ ദഹിച്ചു കൊണ്ടിരുന്നു. പകലുകളിൽ ചിരി അഭിനയിച്ചു… രാത്രികളിൽ കരഞ്ഞു. ഫാദർ ഇടയ്ക്കിടയ്ക്ക് വന്നു പോയി. അച്ചന്റെ കൈ പിടിച്ചു കരഞ്ഞു. എല്ലാം പറഞ്ഞു.”സർവശക്തൻ എല്ലാം സഹിക്കാൻ നിനക്ക് ശക്തി തരട്ടെ.”
  പ്രാർത്ഥിച്ചു.. അനാഥാലയത്തിലെ പെൺകുട്ടികൾ മാറി മാറി വന്നു നിന്നു .
  “ഇച്ചേച്ചിക്കു ദീനമാണ്”വാർത്ത അങ്ങനെയായി …ഡിസ്ചാർജ് ആവുന്ന ദിവസം സംസാരിക്കണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അവരുടെ മുറിയിലേക്ക് കയറിച്ചെന്നു. ഡോക്ടർ പറഞ്ഞു “എല്ലാം നീനയുടെ തീരുമാനം പോലെ…പക്ഷെ ഒന്ന് ഞാൻ പറയാം. സമൂഹത്തിനു സഹതപിക്കാൻ എന്നും ഒരാളെ വേണം. അവർ തന്നെ അതിനൊരു എക്സ്പയറി ഡേറ്റ് വെച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ നഷ്ടം നിന്റേത് മാത്രമായി മാറും.എനിക്കെന്താണ് നഷ്ടപ്പെട്ടത് ഡോക്ടർ…ഞാൻ പഴയ ഞാൻ തന്നെയല്ലേ? നഷ്ടപ്പെട്ടത്‌ അയാൾക്കല്ലേ… മനുഷ്യത്വം. ”

  ഡോക്ടർ ഒന്നും പറഞ്ഞില്ല. വീട്ടിലെത്തി. കുറെ വെള്ളം കുടിച്ചു. മൂന്ന് ദിവസം പുറത്തിറങ്ങിയില്ല. പേരിനു മാത്രം എന്തൊക്കെയോ കഴിച്ചു. മൂന്നാം ദിവസം ഫോൺ ഓണാക്കി. ഫേസ്ബുക്കിൽ കുറിച്ചു .” എനിക്ക് നീതി വേണം”ഒന്നു പുറത്തു പോയി വന്നപ്പോളേക്കും പ്രതികരണങ്ങൾ കൂമ്പാരമായി. എണ്ണമറ്റ വിളികൾ വന്നു. ഒന്നിനോടും പ്രതികരിച്ചില്ല.ആദ്യം വന്നത് ഒരു മാധ്യമപ്രവർത്തകയാണ്. ചോദ്യങ്ങൾ ചോദിച്ചു. ഉത്തരങ്ങൾ പറഞ്ഞു. അവസാനം അവർ ചോദിച്ചു.” എന്ത് കൊണ്ട് ഇത്രയും നാൾ ഇത് മറച്ചു പിടിച്ചു?'” എന്ത് കൊണ്ടാണെന്നു നിങ്ങൾക്കറിയില്ലേ ?”
  ചോദ്യങ്ങൾ മാത്രം ചോദിച്ചു ശീലിച്ച അവർ ഉത്തരം പറയാതെ മടങ്ങി. മറ്റൊരു ചാനൽ റിപ്പോർട്ടർ ക്യാമറയ്ക്കു മുൻപിൽ മുഖം മറയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചു.
  ” ഞാനെന്തിന് മുഖം മറയ്ക്കണം? …അത് ചെയ്യേണ്ടത് അവരല്ലേ?”

  അവസാനം പോലീസ് വന്നു. മൊഴിയെടുത്തു.. ആരുടെ മുൻപിലും കരഞ്ഞില്ല. മാധ്യമങ്ങൾ ഏറ്റു പിടിച്ചു. വാർത്ത വാനോളം ഉയർത്തി. ആദ്യ പേജിൽ തലക്കെട്ടുകൾ വന്നു. മനുഷ്യാവകാശ കമ്മീഷനും സ്ത്രീ ശാക്തീകരണ സംഘടനകളും ഇടപെട്ടു. പലരുടെയും വാട്സാപ്പ് സ്റ്റാറ്റസുകൾ മാറി. ചിലതൊക്കെ തമാശയായി തോന്നി. “നീനാ മാപ്പ് ” .സമൂഹമാധ്യമങ്ങളിൽ മാലാഖമാർ സ്തുതിഗീതങ്ങൾ പാടി. അന്വേഷണം പുരോഗമിച്ചു. തെളിവെടുപ്പിനായി ആ സ്ഥലത്തേക്ക് വീണ്ടും ചെന്നു .നെഞ്ചിടിപ്പ് കൂടുന്നത് പോലെ തോന്നി. ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്കു ഉത്തരം പറയാൻ കഴിയാത്തവണ്ണം ശബ്ദം ഉള്ളിലെ ഭയത്തിന്റെ ആഴക്കങ്ങളിലേക്കു മുങ്ങിപ്പോയി. കണ്ണുകളിൽ ഇരുട്ട് കയറി. പുറത്തു വന്നപ്പോൾ കാണാൻ ഒരു ജനക്കൂട്ടം കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവർ മരണ വീട്ടിലെ മൗനം കടം വാങ്ങിയിരുന്നു.

  പ്രതിയെ അറസ്റ്റ് ചെയ്തു. അരുൺ ആണ്. സുഹൃത്തുക്കളിൽ ഒരാൾ. അന്ന് ചായ കുടിക്കാൻ പോവുന്നതിനു സെക്യൂരിറ്റി അവന്റെ കയ്യിൽ നിന്നും ഇരുപതിനായിരം രുപ പ്രതിഫലം വാങ്ങിയിരുന്നു. വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ന്യൂസ് ചാനലുകളിൽ ചൂടുപിടിച്ച ചർച്ചകൾ നടന്നു. കോട്ടിട്ട റിപോർട്ടർമാർ നിരാലംബയായ പെൺകുട്ടിക്ക് വേണ്ടി ഘോരഘോരം വാദിച്ചു.അരുൺ ജാമ്യത്തിലിറങ്ങി. കേസ് പുരോഗമിച്ചു. ഖ്‌അന്വേഷണവും. പണം നിയമപുസ്തകത്തിന്റെ കാവൽക്കാരന്റെ വലത്തേക്കാലിൽ കൂച്ചുവിലങ്ങിട്ടു വലിച്ചു. സെക്യൂരിറ്റി കുറ്റം ഏറ്റെടുത്തു. അരുൺ കുറ്റവിമുക്തനാക്കി. മാധ്യമങ്ങൾ പുതിയ ഇരകളെ തേടിപ്പോയി.

  ഒരുദിവസം അരുൺ കാണാൻ വന്നു. അവൻ ഒരുപാട് കരഞ്ഞു. ക്ഷേമിക്കാനെ കഴിയുമായിരുന്നുള്ളൂ .ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അമ്പരപ്പിച്ചത് മറ്റൊന്നാണ്. ഒരു വിവാഹാഭ്യർത്ഥന അയാൾ നടത്താൻ മുതിർന്നില്ല. വേട്ടക്കാരനും വേട്ടമൃഗത്തോട് സഹതപിക്കും എന്ന് അന്ന് മനസിലായി.
  ജീവിതം വഴിതിരിച്ചു വിടാൻ സമയമായി. അനാഥ മന്ദിരത്തിൽ പോവണം. ഫാദറിന് ഒരു കൈത്താങ്ങാവണം .തനിച്ചു ജീവിക്കണം. നഷ്ടപ്പെട്ടതൊന്നും തിരിച്ചു പിടിക്കാനല്ല …ഇനിയൊന്നും നഷ്ടപ്പെടാതിരിക്കാൻ ആണ്.
  മടങ്ങുന്നതിനു മുൻപ് ഡോക്ടറെ ചെന്ന് കണ്ടു.”ഞാൻ പറഞ്ഞതല്ലേ കുട്ടീ”ഒന്നും തിരിച്ചു പറയാൻ കഴിയാതെ അവൾ അവർക്കു നന്ദി പറഞ്ഞിറങ്ങി.ഉച്ചയ്ക്ക് രണ്ടു മണിക്ക് എടുക്കുന്ന ബസിൽ നേരത്തെ കയറി. പുറത്തേക്കു നോക്കിയിരുന്നു. സ്റ്റാൻഡിന്റെ അടുത്തുള്ള മതിലിനോട് ചേർന്ന് നിന്നിരുന്ന അരളിച്ചെടിയിൽ പുതിയ മൊട്ടുകൾ വരാൻ തുടങ്ങിയിരിക്കുന്നു.

  അടുത്തുള്ള പെട്ടിക്കടയിലിരുന്നു സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ അടുത്തിരുന്ന സുഹൃത്തിന്റെ കയ്യിലേക്ക് ബാക്കി വന്ന സിഗരറ്റ് കൊടുത്തിട്ട് അവളെ ചൂണ്ടിക്കാട്ടി പറഞ്ഞു .” എടാ …ഇത് മറ്റവളാടാ ”
  കടപ്പാട് : vineeth puthussery,രചന : ആൽബിൻ കെ വി ഇഞ്ചക്കാടൻ

  LEAVE A REPLY