ലാലേട്ടന്റെ മുഖം കാണിക്കുമ്പോൾ ഇളകി മറിഞ്ഞു തീയേറ്റർ.എന്റെ ശ്രദ്ധ അതിലല്ല ഞാൻ ചിന്നുവിനെ ഒന്നുകൂടി ചേർത്തു പിടിച്ചു

  0
  843

  ലാലേട്ടന്റെ മുഖം സ്‌ക്രീനിൽ കാണിക്കുമ്പോൾ ഇളകി മറിയുകയായിരുന്നു തീയേറ്റർ.എന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല.ഞാൻ ചിന്നുവിനെ ഒന്നുകൂടി ചേർത്തു പിടിച്ചു.വിടു മനുഷ്യാ.ആരേലും കാണും.അവൾ ചിണുങ്ങി.നീ ഒന്നു പോയെ പെണ്ണേ.വല്ലപ്പോഴുമാ ഇങ്ങനൊന്നു ഒരുമിച്ചിരിക്കാൻ കിട്ടുന്നത്…എന്തൊക്കെ നുണ പറഞ്ഞാ വീട്ടീന്ന് ചാടുന്നെ എന്നറിയാമോ…അമ്മേടേം അച്ഛന്റേം ചേട്ടന്റേം ചോദ്യങ്ങളിൽ നിന്നു ഒരു വിധത്തിൽ തലയൂരുമ്പോ ആ അനിയത്തി ഭദ്രകാളി എന്തേലും പറഞ്ഞു പാര വെക്കും.

  എന്നിട്ടിന്നെങ്ങനെ ചാടി.ആ അത് രസായിരുന്നു…ഒരു വഴിം കിട്ടാതെ ഞാനിങ്ങനെ ഇരുന്നപ്പോ ഭാഗ്യത്തിന് രാവിലെ ചേട്ടന് ഒരു കാൾ വന്നു ആർക്കോ രക്തം വേണം അത്യാവശ്യമായിട്ടെന്ന്.പുള്ളി വണ്ടി എടുത്തു പോയി.എന്നിട്ട്.എന്നിട്ടെന്നാ.. ഞാൻ രണ്ടും കല്പിച്ചു ഒരു സാധനം അങ്ങട് പ്രയോഗിച്ചു.എന്ത്.കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ചേട്ടൻ വിളിച്ചായിരുന്നു.ബ്ലഡ്‌ ഇനിയും വേണ്ടിവരും.എന്നോടും കൂടെ ചെല്ലാൻ പറഞ്ഞുന്നു.അങ്ങനെ ചാടിയതാ.ഒറ്റ പ്രാർത്ഥനയെ ഉള്ളു.ഞാൻ എത്തുന്നതിനു മുമ്പ് ചേട്ടൻ വീട്ടിലെത്തല്ലേ എന്ന്‌.ചിന്നു ചിരിച്ചു.

  നിനക്ക് കിണി.നീ ഹോസ്റ്റലിൽ അല്ലേ…ഇങ് ഇറങ്ങാല്ലോ.ഇന്റെർവെലിനുള്ള ബെൽ മുഴങ്ങി.ഞാനെന്തെങ്കിലും കഴിക്കാൻ വാങ്ങിയിട്ട് വരാം ഞാനും വരാം എന്നുപറഞ്ഞു അവളും കൂടെ വന്നു.ഐസ് ക്രീമും സ്‌നാക്‌സും വാങ്ങി തിരിഞ്ഞപ്പോ മുമ്പിൽ ഇടിത്തീ പോലെ ചേട്ടൻ.നീ എന്താ ഇവിടെ.അല്ല.ഒരു സിനിമ കാണാൻ.ഇതാരാ.എന്റെ കൈൽ മുറുകെപ്പിടിച്ചു നിക്കണ ചിന്നുവിനെ ചൂണ്ടി ചേട്ടൻ ചോദിച്ചു.

  ഫ്രണ്ടാ.ഉവ്വ.അല്ല.ബ്ലഡ്‌ കൊടുക്കാൻ പോയ ചേട്ടനെന്താ ഇവിടെ.അത്…ബ്ലഡ്‌ കൊടുത്തുകഴിഞ്ഞപ്പോ വെറുതെ.ഇതുവരെ വാങ്ങി കഴിഞ്ഞില്ലേ ഏട്ടാ.ചേട്ടന്റെ പുറകിൽ നിന്നൊരു പെൺകുട്ടി വന്നു ചേട്ടന്റെ കൈൽ പിടിച്ചു.ചേട്ടന്റെ മുഖം ഏതാണ്ട് പോയ ഏതാണ്ടിനെ കൂട്ടായിഎനിക്ക് നഷ്ടപെട്ട ഉഷാർ തിരിച്ചു കിട്ടി.ഇനിയൊരു പിടിവള്ളി ആയല്ലോ.അപ്പോ ഇതാണല്ലേ ചേട്ടൻ ബ്ലഡ്‌ കൊടുക്കുന്ന പേഷ്യന്റ്.ഒരു കള്ള ചിരിയോടെ ഞാൻ ചോദിച്ചപ്പോൾ ഏട്ടന്റെ മുഖം വിളറി…എങ്കിലും ഗൗരവം വിടാതെ എന്നോട് പറഞ്ഞു.

  നീ ഭാരിച്ച കാര്യങ്ങളൊന്നും അന്യോഷിക്കണ്ട.ചെല്ല്.അവർ തിരിഞ്ഞു നടന്നു.ഞങ്ങളും.സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോൾ അവരെ അവിടെങ്ങും കണ്ടില്ല.പാവം അനിയനെ ഫേസ് ചെയ്യാൻ മടി ഉണ്ടാവും.ചിന്നുവിന്റെ കൂടെ ഫുഡും കഴിച്ചു അവളെ ഹോസ്റ്റലിൽ വിട്ടു ഞാൻ വീട്ടിലെത്തിയപ്പോൾ നേരം വൈകി.ചേട്ടൻ അപ്പഴും എത്തിയിട്ടില്ല.ബ്ലഡ്‌ കൊടുത്തോ.ഉമ്മറത്ത് ഉണ്ടായിരുന്ന അച്ഛന്റെ ചോദ്യം.

  ഉവ്വ്.ഉം.അച്ഛനൊന്നു ഇരുത്തി മൂളി.ചേട്ടൻ വന്നപ്പഴും അച്ഛൻ അതേ ചോദ്യം ആവർത്തിച്ചു.എന്തോ എവിടെയോ ഒരു പന്തികേട്.എന്താ എന്നുള്ള രീതിൽ ചേട്ടൻ എന്നോട് ആംഗ്യം കാണിച്ചു.ആ.ഞാൻ തിരിച്ചു പറഞ്ഞു.രാത്രി ഭക്ഷണത്തിന്റെ സമയമായി.അമ്മ ചോറ് വിളമ്പിയപ്പോൾ അച്ഛൻ പറഞ്ഞു.
  രക്തം കൊടുത്തു ക്ഷീണിച്ചതല്ലേ നല്ലപോലെ വിളമ്പിക്കൊടുക്ക്.പെങ്ങളൂട്ടി കാന്താരി വാ പൊത്തി ചിരിച്ചു.അച്ഛന് എന്തൊക്കെയോ പിടികിട്ടിയിട്ടുണ്ട്.ഞാനും ചേട്ടനും ഇരുന്നു വിയർത്തു.തൊണ്ടേൽ നിന്നു ഒരു വറ്റു താഴേക്കിറങ്ങുന്നില്ല.ഞങ്ങളുടെ വിഷമം കണ്ടിട്ടെന്നപോലെ അച്ഛൻ തുടർന്നു.

  നിങ്ങളിവിടുന്നു ഇറങ്ങിക്കഴിഞ്ഞപ്പോൾ ഇവൾക്ക് ഒരേ നിർബന്ധം.അവൾക്കും ബ്ലഡ്‌ കൊടുക്കണം എന്ന്‌.നിങ്ങൾ ബ്ലഡ്‌ കൊടുക്കാനിരുന്നതിന്റെ ഏറ്റവും പുറകിലത്തെ നിരയിൽ ഞങ്ങളും ഉണ്ടായിരുന്നു.ഞാനും നിങ്ങടമ്മയും ഇവളും.അമ്മയും പെങ്ങളും വാ പൊത്തി ചിരിച്ചപ്പോൾ ഞങ്ങൾ പരസ്പരം നോക്കി.കഴിച്ചുകഴിഞ്ഞു അച്ഛൻ എണീറ്റിട്ടു അമ്മയോടായിപ്പറഞ്ഞു.ആ പേഷ്യൻസിനു കൊടുത്തു ഇവന്മാരുടെ ബ്ലഡ്‌ തീരുന്നതിനു മുമ്പ് അവരുടെ വീട്ടുകാരുമായിട്ടു സംസാരിച്ചു അവരെ ഡിസ്ചാർജ് ചെയ്തു ഇങ്ങു കൊണ്ടുവരാൻ നോക്കാൻ പറ നിന്റെ മക്കളോട്.വെറുതെ ചീത്തപ്പേര് ഒണ്ടാക്കിവെക്കണ്ട.

  ഒരുമിനിറ്റു കഴിഞ്ഞാ എനിക്ക് സംഭവം കത്തിയെ.അച്ഛൻ പോയിക്കഴിഞ്ഞപ്പോ ഞാൻ ചേട്ടനോട് ചോദിച്ചു.അപ്പോ എങ്ങനാ.അവരെ അവിടുന്ന് ഡിസ്ചാർജ് ചെയ്തു ഇവിടെ അഡ്മിറ്റ്‌ ചെയുവല്ലേ.മറുപടിയായി ചേട്ടൻ പൊട്ടിചിരിച്ചപ്പോ കൂട്ടത്തിൽ അമ്മയും കാന്താരിയും പങ്കുചേർന്നു.അതിനു ശേഷം എവിടെ പോകാനിറങ്ങിയാലും അച്ഛൻ ചോദിക്കും.ബ്ലഡ്‌ ബാങ്കിലേക്കാണോ ??

  രചന: Sreejith R Nair

  LEAVE A REPLY