ഇവളെയൊന്നും വെറുതെ വിടരുത് ജയിലിൽ അടക്കണം എന്റെ മകന്റെ ഒരു കണ്ണാണ് ഇവള്‍ കുത്തിപ്പൊട്ടിച്ചത്

  0
  2946

  ഇവളെയൊന്നും വെറുതെ വിടരുത് സാര്‍.കേസെടുത്ത് ജയിലിൽ അടക്കണം.എന്റെ മകന്റെ ഒരു കണ്ണാണ് ഇവള്‍ കുത്തിപ്പൊട്ടിച്ചത്.ആണായും പെണ്ണായും എനിക്ക് ഒന്നേ ഉള്ളൂ സാറേ.ഒറ്റക്കണ്ണുമായി എന്റെ മോൻ ഇനി എങ്ങനെ ജീവിക്കും.അവളുടെ നിൽപ്പും ഭാവവും കണ്ടില്ലേ സാർ.ഒരു കൂസലുമില്ലാതെ.അവളെ പറഞ്ഞിട്ട് കാര്യമില്ല .അവളുടെ തന്തയെയും തള്ളയെയും പറഞ്ഞാൽ മതി.പെൺ മക്കളെ പെണ്ണായിത്തന്നെ വളർത്താത്തതിന്റെ കുഴപ്പമാണ്.. വളർത്തുദോഷം. അല്ലാതെന്തു പറയാൻ.കേസെടുത്തു ജയിലിൽ അടക്കണം സാർ.

  ടോ.തനിക്കൊന്നും പറയാനില്ലേ.?മകളെ ചട്ടമ്പിക്ക് പഠിക്കാനാണോ താൻ കോളേജിലേക്ക് വിടുന്നത് ?ഇത് കേസായാൽ തന്റെ മകൾ അഴിയെണ്ണേണ്ടി വരും .കൂടെപ്പഠിക്കുന്ന പയ്യന്റെ കണ്ണ് പേനകൊണ്ട് കുത്തി പൊട്ടിക്കാൻ മാത്രം ധൈര്യം കാണിച്ച ഇവൾ കുറച്ചുദിവസം അകത്ത് കിടക്കട്ടെ .എന്നാലേ പഠിക്കൂ..
  എന്താടോ.തനിക്ക് ഒന്നും പറയാനില്ലേ..തന്റെ നാവിറങ്ങിപ്പോയോ…?

  SI സാറിന്റെ ശബ്ദം കനത്ത് തുടങ്ങിയിരുന്നു .രാജേഷ് കസേരയില്‍ ഒന്നിളകിയിരുന്നു.ഉണ്ട് സാർ .എനിക്ക് പറയാനുണ്ട്.എന്റെ മകളെ ഞാൻ പെണ്ണായി തന്നെയാണ് വളർത്തിയത്.തലതാഴ്ത്തേണ്ട സ്ഥലത്ത് തലതാഴ്ത്തുകയും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ചെയ്യുന്ന ഒരു അസ്സല് പെണ്ണായിട്ട്.അതിന്റെ ഫലമാണ് ഇവരുടെ മകൻ അനുഭവിച്ചതും..
  സമ്മതമില്ലാതെ ശരീരത്തിൽ കയറിപ്പിടിച്ചാൽ അവൾ ഇനിയും പ്രതികരിക്കും ..
  കണ്ണും മൂക്കും നോക്കാതെ പ്രതികരിക്കും.ആണ്മക്കളെ ആണായി തന്നെ വളർത്തണം.സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞ് പഠിപ്പിച്ച് കൊടുത്തു വളർത്തണം.അല്ലെങ്കിൽ മക്കളുടെ കണ്ണും മൂക്കും മാത്രമല്ല പലതും നഷ്ടപ്പെടും.

  കൂടെ പഠിക്കുന്ന കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച അവന്‍ നാളെ അമ്മയെയും കയറിപ്പിടിക്കും.ഇതു പഴയ കാലമൊന്നുമല്ല..സാര്‍… പ്രതികരണശേഷിയുള്ള ഒരു പെൺ സമൂഹമാണ് വളർന്നുവരുന്നത്.സമ്മതമില്ലാതെ തന്റെ ശരീരത്തിൽ കൈവച്ചാൽ ഏതൊരു സ്ത്രീയും പ്രതികരിക്കേണ്ട രീതിയിൽ മാത്രമേ എന്റെ മകളും പ്രതികരിച്ചിട്ടുള്ളു.അതിന് അവളുടെ മേൽ കേസെടുത്ത്
  അവളുടെ പഠിപ്പ് മുടക്കി ജയിലിലടച്ചാലേ അടങ്ങൂ എന്നാണെങ്കിൽ എന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് എനിക്കും കേസ് ഫയൽ ചെയ്യേണ്ടിവരും.അതല്ല ഇത് ഇവിടെ വച്ച് പറഞ്ഞ് തീർക്കാൻ പറ്റുമെങ്കിൽ അങ്ങനെ.എന്തായാലും സാര്‍ ഇവരോട് കൂടി ആലോചിച്ചിട്ട് പറഞ്ഞാൽ മതി .
  അതുവരെ ഞങ്ങൾ പുറത്ത് നിൽക്കാം.

  രാജേഷ് മകളുടെ കൈയുംപിടിച്ച് പുറത്തേക്ക് നടന്നു.മകളുടെ കൈയുംപിടിച്ച് പുറത്തേക്ക് പോകുന്ന രാജേഷിനെ നോക്കി SI സാര്‍ ആത്മഗതം പറയുന്നുണ്ടായിരുന്നു.ശരിയാണ്.പെൺമക്കളെ ഈ കാലഘട്ടത്തിൽ ഇങ്ങനെത്തന്നെയാണ് വളർത്തേണ്ടത്.

  രചന :ശിഹാ കിഴിശ്ശേരി

  LEAVE A REPLY