അമ്മേ കൂട്ടുകാരികളും മറ്റും ഏട്ടനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എന്റെ തല താഴുന്നു പോവുകയാണ്

EDITOR

അമ്മേ… എല്ലാവരും ഏട്ടനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എന്റെ തല താഴുന്നു പോവുകയാണ്”പതുക്കെപ്പറയെടി കഷ്ടകാലത്തിനു അവനെങ്ങാനും കയറി വന്നാൽ പിന്നെ അത് മതി “‘അമ്മ എന്റെ വായ പൊത്തി ഓ അതി പ്പൊ ഒന്നും കയറി വരില്ല . ” അത് പറഞ്ഞുവൾ ചെറുപേടിയോടെ ഉമ്മറത്തേക്കു നോക്കി .അവൻ വരുന്ന സമയം നിന്റടുത്താണോ കുറിച്ച് വെച്ചിരിക്കുന്നത് ” ‘അമ്മ അത്താഴത്തിന് ഒരുക്കുന്ന തിരക്കിലാണ്.

ഉം അതിലെന്താ സംശയം??? . അച്ഛൻ ഇവിടെയുള്ള സമയം ഏട്ടൻ എന്നെങ്കിലും ഈ പടികയറി വന്നിട്ടുണ്ടോ ? അച്ഛന്റെ മുന്നിലെങ്ങാനും പെട്ടാൽ എടുത്തു കുടയും . അത് തന്നെ കാര്യം .അവൾ ഒന്ന് നിർത്തിയിട്ട് ‘അമ്മ ചുട്ടുവെച്ച പപ്പടങ്ങളിൽ ഒന്ന് പൊട്ടിച്ചു വായിലിട്ടു കൊണ്ട് തുടർന്നു”സത്യത്തിൽ അമ്മയ്ക്ക് പേടിയാ ഏട്ടനെ. അതോണ്ടാ ഇങ്ങനെ വെച്ച് വിളമ്പി കൊടുക്കുന്നത് ” പേടി ..അതേടി പേടിയാ .. മക്കൾ നഷ്ടപ്പെട്ടുപോവുമോയെന്ന അമ്മമാരുടെ ആധിക്ക് നിന്റെയൊക്കെ കണ്ണിൽ പേര് പേടി ….. .. ” ‘ വീണ്ടും ഒരു പപ്പടം റാഞ്ചാനുള്ള ശ്രമത്തെ അവർ സ്നേഹപൂർവ്വം തട്ടി മാറ്റി .

അച്ഛനോട് പറഞ്ഞു ഏട്ടന് ഒരു വിസ ശരിയാക്കി നാടുകടത്താൻ നോക്ക് . ഇല്ലേൽ അടിപിടിയുമായി നടന്നു നാട്ടുകാരുടെ തല്ലു കൊണ്ട് ചാവും.ഉം ” ‘അമ്മ ഒന്ന് അമർത്തി മൂളി ” പിന്നെ അടുപ്പത്തെ എണ്ണയോളം തിളച്ചു മറയുന്ന ചില ഓർമകളിലേക്ക് അവർ ഇറങ്ങി.നീ ഓർക്കുന്നുണ്ടോ എന്നറിയില്ല .അവനെ പാലായിൽ മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിനു ഹോസ്റ്റലിൽ ചേർത്ത് മടങ്ങിയ ആ ദിവസം . ഞങ്ങൾ യാത്ര പറഞ്ഞു പുറത്തിറങ്ങിയിട്ടും ആ കൊടും മഴയത്ത് നഞ്ഞൊലിച്ചു മുറ്റം വരെ വന്നു അവൻ .

എന്റെ കൈ പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞതാ രക്തം കണ്ടാൽ തല കറങ്ങുന്ന അവനു ഈ പഠിപ്പൊന്നും താങ്ങാൻ ആവില്ലെന്ന്!!!!!!!! . അന്ന് അവന്റെ കണ്ണീരും വേദനയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല .ആ കുഞ്ഞു മനസിന്റെ നൊമ്പരം തിരിച്ചറിഞ്ഞില്ല ഞങ്ങൾ ” അവരൊന്നു തേങ്ങി രണ്ടാം നാൾ ആ ജയിലിനെക്കാൾ ഉയരമുള്ള മതിൽ ചാടി ഈ വീട്ടിൽ കയറി വന്നു എന്റെ കുഞ്ഞ് . അവൻ കാലു പിടിച്ചില്ലേ ? ഇവിടെ ഉള്ള എല്ലാവരുടെയും!!! .” തിളച്ചു പൊന്തിയ എണ്ണയേക്കാൾ തിളച്ചു മറയുന്നുണ്ട് അവരുടെ ഉള്ളം.

ഇനിയും ആ ജയിലേക്കു തള്ളിവിടല്ലേയെന്നു പൊട്ടിക്കരഞ്ഞു കൊണ്ട് യാചിച്ചതാ എന്റെ കുട്ടി. . അന്ന് അവനോടൊപ്പം നില്ക്കാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ…കഴിഞ്ഞിരുന്നെങ്കിൽ നഷ്ടപ്പെടില്ലായിരുന്നു എന്റെ കുഞ്ഞിനെ “അവർ സാരിത്തലപ്പ് കൊണ്ട് വാ പൊത്തി . എന്നിട്ടും കുറ്റബോധത്തിൻ ചീളുകളായി തേങ്ങൽ പുറത്തേക്കു തെറിച്ചുകൊണ്ടിരുന്നു .അമ്മ പലവട്ടം പറഞ്ഞു പതിഞ്ഞ കഥ ആയത് കൊണ്ടാവാം . ഏട്ടന്റെ ഇന്നത്തെ തോന്നി വാസങ്ങളെ ന്യായികരിക്കാൻ ആ പഴംകഥ പോരാതെ പോയത് .അല്ലെങ്കിൽ തന്നെ ഇഷ്ടപ്പെട്ടത് പഠിക്കാൻ കഴിയാഞ്ഞവർ എല്ലാം ഇങ്ങനെ അടിപിടി ഉണ്ടാക്കി നടക്കുകയാണോ ?

ഇന്നലെ ലതികയുടെ ചേട്ടനെ അവരുടെ വീട്ടിൽ കയറി അടിച്ചത് എന്തിനായിരുന്നു?. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആണെന്നുപോലും ചേട്ടൻ കരുതിയില്ലല്ലോ ? .ലതികയോളം സ്വാതന്ദ്ര്യം എനിക്ക് തന്നവരായിരുന്നു ആ വീട്ടിലെ എല്ലാവരും .പരീക്ഷകാലത്ത് എത്രയോ രാവും പകലും അവളുടെ വീട്ടിൽ തന്നെ ആയിരുന്നു എന്റെ ഊണ്ണും ഉറക്കവും . .ഒരിക്കൽ പോലും അവളുടെ ഏട്ടനോ മറ്റുള്ളവരോ മാന്യത വിട്ടു എന്നോട് പെരുമാറിയിട്ടില്ല . ലതികയോടുള്ള അവളുടെ ചേട്ടന്റെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടുണ്ട് പലപ്പോഴും . അതും ഒരു ഏട്ടനാണു !!!.

ഓരോ അനിയത്തിമാർക്കും ഏട്ടനെന്നാൽ എന്തും തുറന്നു പറയാവുന്ന കൂട്ടുകാരനാവണം . അവളുടെ തെറ്റുകൾ തിരുത്തി മുന്നോട്ട് നടക്കാൻ ആത്മവിശ്വാസം നൽകുന്ന അച്ഛനാവണം അവൻ . വാത്സല്യത്തിൽ അമ്മയോളം മാറ്റുരയ്ക്കാൻ പോന്ന മറ്റൊരു അമ്മയാവണം . അതാവണം ഏട്ടൻ.എന്റെ ഏട്ടൻ എനിക്കെതിർ ദിശയിൽ വരച്ച വ്യക്തമാവാത്ത നേർരേഖയാണ് എന്നും . ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാതെ നേർ രേഖകൾ!.പുറത്തെ കോളിംഗ് ബെല്ലാണ് അവളെ ചിന്തകളിൽ നിന്നും തട്ടി വിളിച്ചത് . അവൾ അമ്മയെ നോക്കി ‘അമ്മ അത് കേട്ടതായി പോലും ഭാവമില്ല . തെല്ലു മടിയോടെ ചെന്ന് ഉമ്മറപ്പടിവാതിൽ തുറന്നു .

ഏകദേശം പത്ത് പതിനാല് വയസ് പ്രായം വരുന്ന എല്ലുന്തിയ ചെക്കൻ പുറത്തു നിൽപ്പുണ്ട് . ഒറ്റ നോട്ടത്തിൽ ആ ചെറുക്കനെ ഏതോ പിച്ചക്കാരനെന്നാണ് കരുതിയത് . അടുത്തു വന്നപ്പോൾ ആളെ മനസിലായി . ചേട്ടന്റെ കറക്കു കമ്പനികൂട്ടത്തിൽ ഇടക്ക് കണ്ടിട്ടുണ്ട് ഈ തമിഴൻ ചെറുക്കനെ .നീ എന്താടാ? ഈ നേരത്ത് ഇവിടെ …?” ഞാൻ എന്റെ ഇഷ്ടക്കേട് പുറത്തെടുത്തു.നമ്മ രാജേഷ് അണ്ണാവേ പോലീസ്സ് പുടിച്ചു … ആവര് ലതികാന്റി വീട്ടിലെ ശണ്ഠ പോട്ടതുക്ക് . ” ചെറുക്കൻ സങ്കടത്തിൽ ആണ് .

ചേട്ടനെ പോലീസ് പിടിച്ചു എന്ന് കേൾക്കുമ്പോൾ സങ്കടം തോന്നേണ്ടതാണ് . പക്ഷെ ഏട്ടൻ എന്റേത് ആയത് കൊണ്ട് അത് തോന്നിയില്ല കാരണം അതിലും വലുതാണ് പ്രതീക്ഷിച്ചത് .ഉം അത് നന്നായി . ടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അണ്ണാ , കിണ്ണാന്നു പറഞ്ഞു ഈ പടി കയറരുത് എന്ന് ” ഞാൻ അവനെ ഒന്ന് പേടിപ്പിക്കാനെന്നോണം കൈയ്യോങ്ങി .ചെറുക്കൻ പിറകോട്ട് മാറി ” ചേച്ചി … രാജേഷ് അണ്ണാവെ പോലീസ് തല്ലിയാച്ച് .” അവന്റെ തൊണ്ട ഇടറി.

” തല്ല് കിട്ടിയോ അത് നന്നായി … ആ ലതികാന്റിയുടെ പാവം ചേട്ടനെ വീട്ടിൽ കയറി തല്ലിയിട്ടല്ലേ “യാര് ലതിക ചേച്ചിയുടെ ചേട്ടനോ പാവം …?” അവൻ പെട്ടന്ന് പറയാൻ വന്നതിനു ബ്രേക്കിട്ടു.ചേച്ചി ഉങ്കൾക്കു ഒന്നുമേ പുരിയാത് . അത് താൻ ഇപ്പടി പേശുകിറത്. രാജേഷ് അണ്ണാ സ്വന്തം അണ്ണൻ മാതിരി . അവര് താൻ ദിനവും എനിക്ക് ചോറ് പോടിറത് “അങ്ങിനെ ഒരു സൽകർമ്മം ചേട്ടൻ ചെയുന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു . എങ്കിലും ഞാൻ അവനു മുൻപിൽ താഴ്ന്നില്ല.

” നിനക്കു ചോറ് തന്നാൽ . നീ വാലാട്ടിക്കൊ . ആ നന്ദിയും കൊണ്ട് ഈ പടി കയറി വരേണ്ട.. മനസിലായോ ? ” ഞാൻ സ്വരം കടുപ്പിച്ചു. പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അത്ര കടുപ്പിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയത് . വാളിനേക്കാൾ മൂർച്ച വാക്കിനാണല്ലോ പലപ്പോഴും !!!!.പിന്നെ ചെറുക്കൻ ഒന്നും മിണ്ടിയില്ല . അവനെ വാലാട്ടുന്ന ഒരു മൃഗമായി കണ്ട എന്റെ കാഴ്ച്ചപ്പാട് അവനെ വല്ലാതെ വേദനിപ്പിച്ചു എന്ന് ഉറപ്പ് . പിന്നീട് എന്തെങ്കിലും പറയും മുൻപ് അവൻ പോക്കറ്റിൽ നിന്നും അൽപ്പം വിലകൂടിയ ഒരു മൊബൈൽ എടുത്തു എനിക്കു നേരെ നീട്ടി .

രാജേഷ് അണ്ണാ ഇത് അവരുടെ റൂമിൽ വെച്ച് പൂട്ടി വെക്കാൻ ശൊലിക്കിട്ട് പോയത് . ” അവൻ തലകുമ്പിട്ടു കൊണ്ട് ഉരുവിട്ടു.ഞാൻ അത് വാങ്ങില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാവാം അവൻ അത് പടിയിൽ വെച്ചു തിരിച്ചു നടന്നത്‌ . കുറച്ചു മുൻപോട്ട് നടന്നു പിന്നെ അവൻ പതുക്കെ തിരിഞ്ഞു . ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കി പിന്നെ ധൈര്യം സംഭരിച്ചു പൊടുന്നെ പറഞ്ഞു .ചേച്ചി നാങ്കളും മനിതർ താൻ ചേച്ചി .. വാലാട്ടത്ക്ക് നായ്ക്കളല്ല .” അവൻ നിറഞ്ഞ കണ്ണുകൾ ഇരു കൈകൾ കൊണ്ടും തുടച്ചുകൊണ്ട് തുടർന്നു

രാജേഷ് ആണാ നല്ലത് … വീട്ടിൽ ഉള്ളിൽ ഇരിക്കിറവർക് പുറത്ത് നടക്കിറത് പുരിയാ ത് ചേച്ചീ….” അവൻ തലകുമ്പിട്ടു തന്നെ തിരിഞ്ഞു നടന്നു .പറഞ്ഞത് അവനെ വേദനിപ്പിച്ചു എന്ന് അവന്റെ നടത്തം കണ്ടാൽ അറിയാം . അതുകൊണ്ട് തന്നെയാണ് ഇരുൾ പതുക്കെ കടന്നു വരുന്ന ആ വഴിയിൽ അവൻ മാഞ്ഞു പോവും വരെ നോക്കി നിന്നതും .അവൻ പോയതിനു ശേഷമാണ് മൊബൈലിനെ കുറിച്ച് ഓർത്തത് . എടുക്കണോ വേണ്ടയോ എന്ന് തീരുമാനത്തിൽ എത്തും മുൻപ് അത് പൊടുന്നെ റിങ് ചെയാൻ തുടങ്ങി .ഒപ്പം ഡിസ്‌പ്ലേയിൽ ലതികയുടെ ചേട്ടന്റെ ചിത്രവും തെളിഞ്ഞു .

അത് കണ്ടതും ഞാൻ പെട്ടന്ന് ഫോൺ എടുത്തു അങ്ങോട്ട് എന്തെങ്കിലും പറയും മുൻപ് ലതികയുടെ ചേട്ടന്റെ ക്ഷീണിച്ച ശബ്ദം രാജേഷ് ആ ഫോൺ എനിക്ക് തിരിച്ചു തരണം . ഞാൻ കേസ് പിൻവലിച്ചു നിന്നോട് മാപ്പ് പറയാം . നിന്റെ അനുജത്തിയുടെ ചിത്രം മാത്രമല്ല അതിൽ ഉള്ളത് . അവയൊക്കെ പുറത്ത് പോയാൽ പിന്നെ മരിക്കേണ്ടി വരും ഞാൻ .. നിന്റെ കാലു പിടിക്കാം. പ്ളീസ് രാജേഷ് … ” അയാൾ കെഞ്ചുകയാണ് .പെട്ടന്ന് എന്താണ് കേട്ടത് എന്ന് എനിക്ക് പിടികിട്ടിയില്ല ഞാൻ ശ്വാസം അടക്കി പിടിച്ചു നിന്നു .നിനക്ക് എന്നെ വിശ്വസിക്കാം ഞാൻ കൂട്ടുകാരോട് പറഞ്ഞു എന്നതൊഴിച്ചാൽ ആർക്കും നിന്റെ അനുജത്തിയുടെ വീഡിയോ ഫോട്ടോയോ അയച്ചു കൊടുത്തിട്ടില്ല ”

അയാൾ പിന്നെയും യാചിച്ചു കൊണ്ടിരുന്നു എന്നാൽ അതൊന്നും എന്റെ അടഞ്ഞ പോയ ചെവികളിൽ എത്തിയില്ല. ഞാൻ ആ ഫോണിലേക്കു ഒന്ന് കൂടെ നോക്കി . അത്‌ എന്റെ ആത്മസ്നേഹിതിയുടെ ചേട്ടനെന്നു ഉറപ്പു വരുത്തി . പിന്നെ ഫോൺ പതുക്കെ കട്ടാക്കി .നടന്നത് എന്താണ് എന്ന് തിരിച്ചറിയാൻ എനിക്കു കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു. ആ തിരിച്ചറിവിൽ ഞാൻ ഫോൺ ഓപ്പൺ ചെയാൻ തീരുമാനിച്ചു .ഞാൻ ഫോൺ തുറക്കാൻ ആക്കാൻ ഒരു ശ്രമം നടത്തി .ദൈവമോ “ഏട്ടനോ” തുണച്ചു ഫോൺ ഓപ്പൺ ആയി . പെട്ടന്ന് തന്നെ വിറയ്ക്കുന്ന കൈകളാൽ വീഡിയോകൾ പരിശോധിച്ചു .

ഞാൻ അവളുടെ വീട്ടിൽ നിന്ന് കുളിക്കുന്നതും വസ്ത്രം മാറുന്നതും … !!! . എന്തിന് എന്റെ അടി വസ്ത്രങ്ങളുടെ ഫോട്ടോകൾ വരെ ആ കണ്ണുകൾ പകർത്തി വെച്ചിരിക്കുന്നു !!!! ഒരു പെൺകുട്ടി ടോയ്‌ലറ്റിൽ ഇരിക്കുന്നതും പോലും കാമ കാഴ്‌ചകളാണെന്ന് ആ നിമിഷം ഞാൻ ഭീതിയോടെ തിരിച്ചറിഞ്ഞു .മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചു കളഞ്ഞു. ആ വീഡിയോകൾ ഡിലീറ്റു ആക്കാൻ തുനിഞ്ഞപ്പോളാണ് തൊട്ടടുത്തത് ശ്രദ്ധയിൽ പെട്ടത്.

ആ മങ്ങിയ ചിത്രത്തിൽ കൈ തൊട്ടപ്പോൾ അത് പതുക്കെ തെളിഞ്ഞു വന്നു ….ഞാൻ പെട്ടന്ന് ഒരു ഞട്ടലോടെ മൊബൈൽ നിലത്തേക്കിട്ടു. ആ ചലിക്കുന്ന ചിത്രങ്ങൾ കാണാൻ ആവാതെ മുഖം പൊത്തി ഞാൻ തേങ്ങി . കാരണം ജീവനില്ലതെ ചലിക്കുന്ന ചിത്രം ആ ലതികയുടേതായിരുന്നു.അവ കാണാൻ ആവാതെ മുറ്റത്തെ ഇരുട്ടിലേക്ക് നിറഞ്ഞ കണ്ണുകളുമായി തുറിച്ചു നോക്കി കൊണ്ടിരുന്നു ഞാൻ . എനിക്ക് പെട്ടന്ന് കൺമുന്പിൽ കണ്ടത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല . കാരണം വെളിച്ചമെന്നു കരുതിയിടം ഇരുട്ടായിരുന്നല്ലോ??.. കൊടും ഇരുട്ടായിരുന്നു!!!!.

പെട്ടന്ന് ഞാൻ എന്റെ ഏട്ടനെ ഓർത്തു . അവന്റെ ചിരി മറന്ന മുഖം . ഞങ്ങളെല്ലാം ചേർന്ന് നഷ്ടപ്പെടുത്തി കളഞ്ഞ അവന്റെ ബാല്യം ഒറ്റപ്പെടുത്തി കളഞ്ഞ അവന്റെ ജീവിതം എല്ലാം എല്ലാം ഒരു സ്‌ക്രീനിൽ എന്ന പോലെ കണ്മുൻപിൽ തെളിഞ്ഞു വന്നു ഞാൻ എത്ര നിയന്ത്രിച്ചിട്ടും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല . കാഴ്ച്ചകൾ എല്ലാം സത്യം ആവണം എന്നില്ല . കാഴ്ചകൾക്കപ്പുറവും ചില സത്യങ്ങൾ ഉണ്ടെന്നു ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു . കണ്മുൻപിൽ ഉണ്ടായിരുന്നിട്ടും പോലും പലർക്കും തിരിച്ചറിയാൻ കഴിയാതെ പോവുന്ന സത്യങ്ങൾ .

ഇനി തിരുത്തണം എന്റെ കൂടെപ്പിറപ്പിനെ ചേർത്ത് നിർത്തി തെറ്റുകൾ തിരുത്തണം . മനസ്സിലുറപ്പിച്ചു ഞാൻ ആ ഇരുട്ടിലേക്ക് നോക്കിയിരുന്നു. അവൻ ഒരു പ്രകാശമായി വരവതും കാത്ത് .ഞാൻ കാത്തിരുന്നു .എന്റെ ഏട്ടനെ

മനോജ് കുമാർ കാപ്പാട് കുവൈറ്റ്