ഭാര്യ വീട്ടിൽ പോകുമ്പോ സന്തോഷിക്കുന്ന എനിക്ക് അന്ന് രാത്രി സംഭവിച്ചത് ഭാര്യയുടെ വില അറിഞ്ഞ സമയം

EDITOR

ഭാര്യ എപ്പോഴെങ്കിലും ഒന്നോ രണ്ടോ ദിവസം അവളുടെ വീട്ടിൽ വിരുന്നുപോവുമ്പോ ആദ്യമൊക്കെ ഒട്ടുമിക്ക പുരുഷൻമാരെപോലെ എനിക്കും അതൊരു രസമായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഹോട്ടലിൽ നിന്നും കഴിക്കാം തോന്നിയ സമയത്ത് വീട്ടിലേക്കു വരാം അരി വേണ്ട പാൽ വേണ്ട പച്ചക്കറി വേണ്ട പരാതിയില്ല പരിഭവങ്ങളില്ല കണ്ണീർ സീരിയലുകളില്ല. ഇഷ്ടമുള്ള ചാനൽ കാണാം റിമോട്ടിനു വേണ്ടിയുള്ള അടിയില്ല. ഫേസ്ബുക്കും വാട്ട്സപ്പും യഥേഷ്ടം ഉപയോഗിക്കാം. ആരും അറിയാതെ രണ്ടെണ്ണം രാജാവിനെ പോലെ വീട്ടിലിരുന്നടിക്കാം ഇങ്ങനെ ഒരുപാടുണ്ട് പറയാൻ…

കഴിഞ്ഞ ദിവസം ബിസിനസ്സ് ആവശ്യത്തിനായ് ഞാൻ മധുര വരെ പോയിരുന്ന സമയത്താണ് അവൾ വിളിച്ചത് അച്ഛൻ വന്നിട്ടുണ്ടന്നും പൊയ്ക്കോട്ടേന്നും ചോദിച്ചു. സംസാരത്തിൽ ഒരു കൃത്രിമ ഗൗരവം വരുത്തി ആദ്യമൊന്ന് എതിർത്തു പിന്നെ സമ്മതിച്ചു.

രാത്രിയാണ് ഞാൻ വീടെത്തിയത്.എനിക്കുള്ള ഭക്ഷണം മൂടിവച്ചിട്ടുണ്ട്.വീടു മുഴുവൻ വൃത്തിയാക്കി വച്ചിരിക്കുന്നു. ഒരുപാടു തുണികൾ അലക്കി അയയിൽ ഉണങ്ങാനിട്ടിരിക്കുന്നു.ഫ്രിഡ്ജിൽ ദോശ മാവുണ്ട്. എനിക്കിഷ്ടപെട്ട തക്കാളി ചട്ട്ണി അരച്ചു വച്ചിട്ടുണ്ട് എല്ലാ പാത്രങ്ങളും കഴുകി അതാതു സ്ഥലങ്ങളിൽ വച്ചിട്ടുണ്ട്.. എന്തോ മനസ്സിനൊരു ഭാരം ഒന്നു കുളിക്കണം ലുങ്കിയെടുക്കാനായി അലമാര തുറന്നു എൻ്റെ എല്ലാ ഡ്രസ്സും അലക്കിതേച്ചു വച്ചിരിക്കുന്നു… ഈശ്വരാ ജോലി ചെയ്തു തളർന്നിട്ടുണ്ടാവും ആ പാവം…

അപ്പോഴാണ് അതു ഞാൻ ശ്രദ്ധിച്ചത് അവളുടെ സാരികൾ അടുക്കിവച്ചിരിക്കുന്നതിനടിയിൽ ഒരു കവറിൽ എന്തോ ചുരുട്ടി വച്ചിട്ടുണ്ട് തുറന്നു നോക്കിയപ്പോഴല്ലേ രസം ഞാനറിയാതെ എൻ്റെ പോക്കറ്റിൽ നിന്നും ‘കട്ടെ’ടുക്കുന്ന പത്തിൻ്റെയും ഇരുപതിൻ്റെയും അമ്പതിൻ്റെയും നോട്ടുകൾ.. ചുരുട്ടി വച്ചിട്ടുണ്ട്. അമ്പടി കള്ളീ ഇതാണ് നിൻ്റെ പരിപാടി അല്ലേ പൈസയില്ലാതെ വിഷമിക്കുമ്പോൾ ഇതാ ഏട്ടാന്നു പറഞ്ഞ് തരുന്നത് ഈ പൈസയാണല്ലേ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ കാന്താരീന്നു മനസ്സിൽ കരുതി….

അപ്പോഴാണ് കൂട്ടുകാരൻ വിനു വിളിക്കുന്നത്”ഉണ്ണിയേട്ടാ ഏടത്തിയമ്മ അച്ഛൻ്റെ കൂടെ പോണത് കണ്ടല്ലോ എന്നിട്ട് നിങ്ങളെന്താ വിളിക്കാത്തത് ദുഷ്ടൻ ””അതുകൊണ്ടല്ല വിനു ഒരു മൂഡില്ല എന്തോ ഒരു വിഷമം ടാ.”നല്ല മിലിട്ടറി സാധനാ വേണച്ചാ മതി… ഹും””ഇല്ലെടാ പിന്നെയാവട്ടെ ” ഞാൻ ഫോൺ വച്ചു.

എന്താണ് എനിക്ക് പറ്റിയത് ആകെ ഒരസ്വസ്ഥത ഭക്ഷണം കഴിച്ചെന്നു വരുത്തി…
ഉറക്കം വരുന്നില്ല. ചാനലുകൾ മാറ്റികൊണ്ടേയിരുന്നു ഒന്നും കാണാൻ തോന്നുന്നില്ല… അവളെ വിളിച്ചു”എന്താ ഏട്ടാ ഈ രാത്രിയിൽ ഉറങ്ങിയില്ലേ…?’”ഇല്ല മോളെന്തിയേ..?”

”അവൾ എപ്പഴോ ഉറങ്ങി…. അല്ല എന്തുപറ്റി എൻ്റെ ഏട്ടന് എന്തോ ഒരു വല്ലായ്ക ഉണ്ടല്ലോ”നീ പോകേണ്ടായിരുന്നു എന്ന് തോന്നി.” എൻ്റെ കണ്ഠമിടറിയോ”അയ്യേ ഇതെന്താ ഇങ്ങനെ ഇങ്ങളെന്താ കൊച്ചു കുട്ടിയാ പോയി കിടന്നുറങ്ങു മനുഷ്യാ അവൾ ചിരിച്ചു കൊണ്ടാണ് ഫോൺ വെച്ചത്.എനിക്കറിയാം അവളും ഇനി ഉറങ്ങില്ലെന്ന്.രാവിലെ കോളിംഗ് ബെല്ലാണ് എന്നെ ഉണർത്തിയത്. വാതിൽ തുറന്നപ്പോഴുണ്ട് ദേ അവളും മോളും.

”പത്തു വർഷായി ഇപ്പോഴും കൊച്ചു കുട്ട്യാന്നാ വിചാരം എല്ലാറ്റിനും ഞാൻ വേണം എൻ്റെ ഉറക്കവും കളഞ്ഞു ഈ മനുഷ്യൻ…” എന്നും പറഞ്ഞവൾ എന്നെ തള്ളിമാറ്റി അകത്തേക്കു പോയി..ശേഷം പതുക്കെ പുറകിലൂടെ വന്നെന്നെ ഇറുകെ പുണർന്നു… അതുകണ്ടെൻ്റെ പൊന്നുമോൾ കണ്ണുപൊത്തി….!! പരസ്പര സ്നേഹവും വിശ്വാസവുമുണ്ടെങ്കിൽ ഇത്രയും സുഖമുള്ള മറ്റൊന്നില്ല”കുടുംബം”
കടപ്പാട്:Unnikrishnan Thachampara,